Tuesday, March 19, 2013

സന്ധ്യ

പകലുടനീളം വിജനമായിരുന്ന
ആകാശപ്പരപ്പിൽ,
മെല്ലെ ചോര പൊടിയുന്നു !
കരിമേഘങ്ങൾ ദൂരെ,
ആൽമരച്ചില്ലകൾക്കിടയിലൂടെ
ചിറകുകൾ നീർത്തി
പറക്കാനൊരുങ്ങുന്നു !
പ്രിയങ്കരീ സന്ധ്യേ ,
നിന്നിലലിയാൻ
ഓർമ്മകളുടെ സഞ്ചാരവീഥിയിലൂടെ
വേനൽത്തിളപ്പിലൂടെ
എത്രയോ കവിമാനസങ്ങൾ ... !! 

മരണത്തിൽ മരിക്കാത്ത വാക്ക്

ചിത ...
കത്തിയെരിയുമ്പോൾ ,
നിന്റെ ഓർമ്മകൾ
നീന്തിത്തുടിച്ചയീ ചങ്ക്
പൊടിഞ്ഞു പൊടിഞ്ഞ്
നിനക്ക് ചുറ്റും പുകപടലങ്ങളായ്
നിന്നെ പൊതിയുമ്പോൾ ,
നിസംഗം നീ നിരസിച്ച
എന്റെയീ പ്രണയോപഹാരം
എന്റെ പ്രാണൻ ,
വെന്തു വെണ്ണീരാകുമ്പോൾ ,
ഞാൻ കരിഞ്ഞുതീർന്ന മണ്ണിൽ
നിനക്കായ് മാത്രം
എന്നും ഞാൻ കാത്തുവച്ച
ഒരു വാക്ക് ,
ഒരുനാളും കൊഴിയാത്തൊരു
ചോര ചിന്തുന്ന പൂവായ്
വിടരും .. !
പിന്നെ പടർന്നു പന്തലിക്കും
നിന്റെ കുഴിമാടത്തിങ്കലും
തണലാവാൻ ,
പൂമെത്ത വിരിക്കാൻ ,
വേരായ് ,
വേരിൻ പുതപ്പായ്
നിന്നെ പൊതിയാൻ ,
മരണത്തിലും മരിക്കാത്ത
എന്നിലെ നീയെന്ന വാക്ക് ! 

കവിജന്മം

ഈ നിമിഷം നിറയ്ക്കുന്ന
ശൂന്യത മുതൽ ,
ഇതിനു ശേഷമുള്ള
നീണ്ട ഇടവേളയും ,
അതിനുമപ്പുറം
പ്രളയം പോലിരച്ചു കയറുന്ന
മഹാമൌനവും ,
എങ്ങോ മുഖമറിയാതെ  ,
സ്വരം കേൾക്കാതെ ,
ഒരു നിശ്വാസത്തിൻ
മിന്നൽപ്പിണരിൽ
ചിതറുന്ന സ്വപ്നമേ
നീയും കവിതയാണ് !
അവൾ പറഞ്ഞതും
നീ കേൾക്കാതെ പോയതും,
കേവലമീ ഇടവഴി
പോലും കവിതയാണ് !
ആ കണ്ണുകളും
കണ്ണുകളിൽ
ആളുന്ന അഗ്നിയും ,
നാളെയും
നാളെയുടെ നനഞ്ഞ വീഥിയിൽ
എന്നെയും കാത്തു നിൽക്കുന്ന
മരണവും !
ഓരോ വരിയിലും
ഒഴുകിയിറങ്ങുന്ന
വറ്റി വരളുന്ന
താനേ മറയുന്ന
ഈ  ജന്മവും കവിത !

ചിത്രശലഭങ്ങൾ

പൂക്കളിൽ നിന്നും
പൂക്കളിലേയ്ക്ക്
തേൻകുടങ്ങൾ തേടി
ചിറകുള്ള പൂക്കൾ
പറക്കുന്നു !

ഒളിച്ചും മറഞ്ഞും

ഇരുളിലാകെ നിഴൽപ്പൂക്കൾ ഒളിച്ചപ്പോൾ 
പകലിലാകെ നക്ഷത്രപ്പൂക്കളും മറഞ്ഞിരുന്നു 

Saturday, March 16, 2013

പിരിയുന്നവർ

നമുക്കിടയിലെ ആകാശം
നിറമില്ലാതായിരിക്കുന്നു !
നമുക്കിടയിലെ
തീരത്ത്‌ നിന്നും
ചിന്തകൾ വേരറ്റ്
കടലിന്റെ അശാന്തിയിലെയ്ക്ക്
പറക്കുന്നു !
വാക്കുകൾ വാൾമുന പോലെ തിളങ്ങുകയോ ?
കാറ്റിൽ മുറിവ് മണക്കുകയോ ?
എവിടെയാണ് നാം
തപസ്സിരുന്നുണർത്തിയ പൂങ്കാവനങ്ങൾ ?
നിറങ്ങൾ  ?
ചാരുതകൾ ?
തിരമാലയുടെ നേർത്ത സംഗീതം ?
കാലമൊരു തീപ്പന്തം പോലെ
സർവ്വതുമെരിച്ചു നീങ്ങുന്നു !
കൂടെ മുഴുവനായ്
പിഴുതെറിയപ്പെട്ട് നമ്മിലെ നാമും ! 

Friday, March 15, 2013

ചില സ്വപ്‌നങ്ങൾ

ഓരോ മണ്‍തരിയുടെ മറവിലും
എന്നോ പാതിയിൽ നിലച്ച
ഗാനങ്ങളുണ്ട് !
നിഴലുകൾ ഇരുളിലലിയുമ്പോൾ
നിലാവുദിക്കുമ്പോൾ
നക്ഷത്രങ്ങൾ പൂക്കുമ്പോൾ
നൊടിയിൽ കണ്ണ്‍ തുറന്ന്
ആരാരും കാണാതെ
കൊഴിയും !
ചിലരതിനെ
സ്വപ്നമെന്നും വിളിക്കും !

സംശയങ്ങൾ

ചില നിശബ്ദതകളെന്താണ്
മനസ്സിനെ വല്ലാതെ വാചാലമാക്കുന്നത് ?
ചില നോവുകളെന്താണ്
ചുണ്ടിൽ ചിരി വിടർത്താൻ ശ്രമിക്കുന്നത് ?
ചില സ്വപ്നങ്ങൾക്കെന്താണ്
യാഥാർത്യത്തിന്റെ മുഖഛായ ?
ചില രാവുകൾക്കെന്താണ്
പകലിനെ വെല്ലാൻ പോരുന്ന പ്രകാശം ?
ചില മഴക്കാലങ്ങൾക്കെന്താണ്
ഉള്ളുരുക്കുന്ന ഓർമ്മച്ചൂട് ? 

Thursday, March 14, 2013

ഇതള്‍ കൊഴിഞ്ഞൊരു ...

നിലാവിലേയ്ക്കൊരിതള്‍ക്കൂടി വാടി വീഴുന്നു ,
സ്വപ്നങ്ങളില്‍ നിന്നുമൊരു ചിത്രം മായുന്നു !
ഈറന്‍ പകര്‍ന്ന കോടമഞ്ഞിനും ,
ചുംബിച്ചുണര്‍ത്തിയ കാട്ടുവള്ളികള്‍ക്കും
താങ്ങിപ്പിടിച്ച് ചേര്‍ത്തു വച്ച മണ്ണിന്‍ കൈക്കുമ്പിളിനും
വിടരാന്‍ പഠിപ്പിച്ച തായ്തണ്ടിനും
മുറിവേല്‍പ്പിക്കാതെ തഴുകിത്തലോടിയ തെന്നലിനും
കൂട്ടായ് വിരിഞ്ഞും
കൂടെ ചിരിച്ചും
രാവുണര്‍ത്തിയ പൂങ്കുലയ്ക്കും ഇനി വിട !
പൊട്ടിക്കാന്‍ വെമ്പിയിട്ടും
കുരുന്നുവിരലുകളില്‍ കനിവ് നിറച്ചു നീയന്നു
പോയിരുന്നില്ലേ ...
നിമിനേരമീ ഭൂമിയില്‍
കണ്ണുകള്‍ വിടര്‍ത്തി നില്‍ക്കാന്‍
നീ തന്ന മൌനാനുമതിക്കും നന്ദി !
തോരാതെ പെയ്യുന്ന നിശബ്ദതയ്ക്ക് നടുവിലൊരുനാള്‍
ഞാനിനിയും പൂക്കുമായിരിക്കും ...
ഭൂമിതന്‍ നേര്‍ത്തൊരീ വിള്ളലില്‍
അന്നോളം ഞാന്‍ വേനല്‍ കുടിച്ചും ,
വേരുകള്‍ക്കിടയില്‍ കിനാക്കൂടുകള്‍ തുന്നിയും
നീണ്ടൊരു നിദ്രയിലേയ്ക്കൂളിയിടട്ടെ....

Wednesday, March 13, 2013

ഒന്ന്

ഒരു മഴയില്‍ മരിക്കുന്ന വേനലും
ഒരു പൂവില്‍ തുടിക്കുന്ന പ്രണയവും
ഒരു നിമിഷത്തില്‍  മുറിയുന്ന മൌനവും
ഒരുറവയില്‍ ജനിക്കുന്ന പുഴയും ...
ഒരു ക്ഷണത്തില്‍ രണ്ടാകുന്ന ഹൃദയവും  !! 

അറിയാതെ പോകുന്ന ദൂരങ്ങള്‍

നടക്കാതെയും
പറക്കാതെയും
ദൂരങ്ങളെത്ര താണ്ടുന്നു നാം
കാലമാം രഥത്തില്‍
അദൃശ്യനാം സാരഥിയ്ക്കൊപ്പം !! 

Tuesday, March 12, 2013

പുലരി

മകരമഞ്ഞില്‍ പൊതിഞ്ഞൊരു
കുഞ്ഞുതുള്ളിയില്‍
പുലരി കണ്ണാടി നോക്കുന്നു ! 

Saturday, March 9, 2013

ഓര്‍മ്മച്ചൂട്

ഉള്ളിലെ നെരിപ്പോടില്‍
നീ നീറുകയാണ് ,
കാലത്തിന്‍റെ വേഗത്തിനു
നിന്നെ കെടുത്താനാവുന്നില്ല !
കണ്ണീരിന്‍ നനവിനും
നിന്നെ അണയ്ക്കുവാനാവുന്നില്ല !
നെഞ്ചിലെ
നീയാം കനലില്‍ പഴുക്കുന്ന
കവിതകളും നോവുന്നു ! 

മൌനം

നമ്മുടെ ഹൃദയങ്ങളുടെ 
ദൂരങ്ങള്‍ക്ക് നടുവില്‍ 
മൌനത്തിന്‍റെ നീരൊഴുക്ക് !
ആഴങ്ങളില്‍ ഇന്ന് 
മറവി പൂക്കുന്നു ! 

അനശ്വരം

ഒടുവിലത്തെ തുള്ളി
വറ്റും മുന്‍പ്
മണ്ണിന്‍  നാവില്‍
കോരിച്ചൊരിയുന്ന പ്രകൃതീ
നിന്‍റെ പ്രണയമെത്രയോ അനശ്വരം 

Friday, March 8, 2013

അപ്പൂപ്പന്‍ താടി

തോരാ മഴയത്ത്ചിറകുകള്‍
കൊതിച്ചൊരു
നനഞ്ഞ അപ്പൂപ്പന്‍ താടി ..
ജാലകപ്പടിയില്‍ !!

Wednesday, March 6, 2013

ഇന്നിന്‍റെ മക്കള്‍

പിഞ്ചുനാവിലെ അമ്മിഞ്ഞരുചി മാറിയില്ല 
കണ്ണുകളില്‍ നിറങ്ങള്‍ കൂട് കൂട്ടിയില്ല 
പാടാന്‍ തുടങ്ങിയില്ല ,
പറയാന്‍ തുടങ്ങിയില്ല ,
നോട്ടത്തില്‍ കൂരമ്പില്ല ,
അമ്മതന്‍ മാറിലെ ചൂടാണ് ലോകം !
പിച്ചവെക്കാന്‍ പഠിക്കും മുന്‍പേ ,
എന്താണ് വെറിപൂണ്ട  മനുഷ്യാ 
കുഞ്ഞു പൂമ്പാറ്റതന്‍ ചിറകരിഞ്ഞത് ?
ഇത്ര വല്യ ലോകമല്ലേ ,
നിന്‍റെ കനല്‍ കണ്ണുകളില്‍ 
എരിയാന്‍ കാത്ത് തെരുവുകളെത്ര  ?
എന്നിട്ടും നീ നിന്‍റെ 
പുഴുവരിച്ച് നാറിയ ചിന്തയുടെ ഫലമാ 
പൈതലിന്നിളം മേനിയില്‍ തീര്‍ത്തുവോ ?
വാവിട്ടു കരഞ്ഞില്ലയോ 
ഭാഷ പോലുമറിയാത്തവള്‍  ??
ഒന്ന് നുള്ളിയാല്‍ പോലും 
കുഞ്ഞിന്‍ കണ്ണീര്‍ കണ്ടാലലിയാത്ത മനസ്സുണ്ടോ ??
എന്തിനീ ക്രൂരമാം ചെയ്യ്തിയെ 
മൃഗീയമെന്നോത്തുന്നു ,
ഇന്നിന്‍റെ  മാനവനെക്കാളുമെത്രയോ 
ഭേതം മൃഗങ്ങള്‍ ?
ലോകമറിയാതെ എത്രയെത്ര
ദീനരോദനങ്ങള്‍ ഇരുളിലിന്നും
മുഖം പൊത്തിയിരിപ്പുണ്ടാവാം !
നാവുയര്‍ത്തും പരിതപിക്കും നാം
രണ്ടു ദിനങ്ങള്‍ ,പിന്നെ
വീണ്ടും മറക്കുമെല്ലാം
അടുത്ത വാര്‍ത്ത
നെഞ്ചു പൊള്ളിക്കും വരെ !
ഇനിയൊരു നാളില്‍
ഇത് നീയാവാം
നിന്‍ പൊന്‍കുഞ്ഞാവാം
പെണ്ണായ് പിറന്ന ആരുമാവാം !!...
വാര്‍ത്തകള്‍ക്കന്നും പതിവ് പോലെ
പഞ്ഞമെന്ത് ? 

കാത്തുവച്ചത്


വാനം കാണാതെ കാത്തുവച്ച കിനാക്കളില്‍
ഇന്നൊരായിരം കണ്ണീര്‍ തുള്ളികള്‍ .. 

ഒരിക്കല്‍ ..


ഒരിക്കല്‍ ..
ഒരു വസന്തം വാതിലില്‍ മുട്ടുമ്പോള്‍
നിന്‍റെ ഹൃദയം എന്‍റെ
വിരല്‍ത്തുമ്പില്‍ മിടിക്കുന്നുണ്ടാവും ..

സ്വപ്നമേ നീ


കണ്ണുകള്‍ നിറയെ മഴവില്ലു വിടര്‍ത്തിയാടുന്ന സ്വപ്നമേ ... പീലി വിരിച്ചാടുകയാണ് എന്‍റെ മഴമേഘങ്ങള്‍ക്ക് ചോട്ടില്‍ നീ ..

മഴക്കാലരാവുകള്‍


ഇനിയുമേറെ മഴക്കാല രാവുകളില്‍ 
മറക്കാതെ ഞാനീ നിമിഷങ്ങളോര്‍ത്തു 
കണ്ണീര്‍വാര്‍ക്കും !!
പിന്തിരിഞ്ഞു നോക്കാതെ നീ നടന്നകന്നതും 
ജന്മമൊരുവേള തരിച്ചു നിന്നതും .. 

Tuesday, March 5, 2013

വരള്‍ച്ച

ഞരമ്പുകള്‍ വരിയുമ്പോള്‍
വേരുകള്‍ തളരുമ്പോള്‍ 
ഒടുവില്‍ ശേഷിച്ച ഇലയും 
കറ വറ്റി വീഴുമ്പോള്‍ 
മണ്ണിന്‍ നെഞ്ചിലൊരു നെടുവീര്‍പ്പ് !
ദാഹം ശമിപ്പിക്കാതെ 
വരളുന്ന ശൂന്യതയിലേയ്ക്ക് 
ഇനിയുമെത്ര കാലം 
നിശ്ചലമായ്‌ നില്‍ക്കുമീ 
വേനല്‍ സൂര്യന്‍ ?